ഭക്തർക്കരികിലെത്തി കൈവീശി സ്നേഹാഭിവാദ്യം; ഉണ്ണിക്കണ്ണന്റെ മനോഹര ശിൽപങ്ങളും സ്വർണക്കോലത്തിന്റെ മാതൃകയും സമ്മാനിച്ച് ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച് കാണിക്കയുമർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. കേരള ഗവർണർ ഓം പ്രകാശ് മാഥുറും രാഷ്ട്രപതിക്കൊപ്പം ക്ഷേത്രദർശനം നടത്തി. ദർശനത്തിനുശേഷം കിഴക്കേ നടയിൽ തനിക്കായി കാത്തുനിന്ന ഭക്തർക്കരികിലെത്തിയ രാഷ്ട്രപതി കൈവീശി സ്നേഹാഭിവാദ്യം അർപ്പിച്ചത് ഭക്തർക്ക് വേറിട്ട അനുഭവമായി. ദേവസ്വം മന്ത്രി കെ. മുരളീധരനും ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും ഉണ്ണിക്കണ്ണന്റെ മനോഹരമായ ശിൽപങ്ങളും സ്വർണക്കോലത്തിന്റെ മാതൃകയും രാഷ്ട്രപതിക്ക് സമ്മാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രനട തുറന്ന് ശീവേലി കഴിഞ്ഞതിനു പിന്നാലെയായിരുന്നു രാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്രദർശനം. വൈകിട്ട് 3.15ഓടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം 3.30ഓടെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി.

ദേവസ്വം മന്ത്രി കെ. മുരളീധരൻ, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ എം.യു. ഷിനിജ, പി.എ. അഭിലാഷ്, പി. ശിവദാസൻ, സി.വി. ബാലചന്ദ്രൻ, ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ഡി.എ. പ്രമോദ് കളരിക്കൽ, മാനേജർ വിനോദൻ തുടങ്ങിയവർ ചേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ഗവർണർ ഓം പ്രകാശ് മാഥുറിനെയും സ്വീകരിച്ചു. തുടർന്ന് ദേവസ്വം മന്ത്രി കെ. മുരളീധരനൊപ്പം രാഷ്ട്രപതിയും മകൾ നിത്യശ്രീ മുർമുവും ഗവർണറും ഉദ്യോഗസ്ഥ സംഘവും ക്ഷേത്രത്തിലേക്ക് നടന്നു. കിഴക്കേ ഗോപുര കവാടത്തിനു മുന്നിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടും ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് രാഷ്ട്രപതിയെ ക്ഷേത്രത്തിലേക്ക് വരവേറ്റു. തന്ത്രി പൂർണകുംഭം നൽകിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. വൈകിട്ട് 3.55ഓടെ ദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ച രാഷ്ട്രപതി സോപാനത്തിലെത്തി ശ്രീഗുരുവായൂരപ്പനെ ഭക്തിപൂർവം തൊഴുതു. ഭഗവാനെ കൺനിറയെ കണ്ടു പ്രാർത്ഥിച്ച രാഷ്ട്രപതി കാണിക്കയും സമർപ്പിച്ചു. തുടർന്ന് മേൽശാന്തിയിൽനിന്ന് പ്രസാദം സ്വീകരിച്ചു. ക്ഷേത്രത്തിലെ ഉപദേവതകളെയും ദർശിച്ചശേഷം കൊടിമരച്ചുവട്ടിലെത്തി.

ഉണ്ണിക്കണ്ണന്റെ ശിൽപങ്ങളും സ്വർണക്കോലത്തിന്റെ മാതൃകയും സമ്മാനം
ക്ഷേത്രദർശനത്തിനുശേഷം കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ തടിയിൽ തീർത്ത ഉണ്ണിക്കണ്ണന്റെ ശിൽപം രാഷ്ട്രപതിക്ക് സമ്മാനിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പാരമ്പര്യ ദാരുശിൽപകലയുടെ തനിമയിൽ പൂർണമായും കുമിഴ് മരത്തിൽ കൊത്തിയെടുത്ത രണ്ടടി ഉയരമുള്ള ഓടക്കുഴൽ വായിക്കുന്ന വേണുഗോപാല ശ്രീകൃഷ്ണ ശിൽപവും സ്വർണക്കോലത്തിന്റെ മാതൃകയും രാഷ്ട്രപതിക്ക് കൈമാറി. ഗുരുവായൂരിന്റെ ക്ഷേത്രപാരമ്പര്യവും കേരളത്തിന്റെ തനത് ദാരുശിൽപകലയുടെ മികവും വിളിച്ചോതുന്ന സമ്മാനങ്ങളായിരുന്നു ഇവ. ഭഗവാൻ ശ്രീകൃഷ്ണന്റെ വേണുഗോപാല രൂപം മനോഹരമായി ആവിഷ്കരിച്ച ശിൽപം ചടങ്ങിലെ ശ്രദ്ധേയമായ കാഴ്ചയായി. ഇതിനുപുറമെ ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹപ്രസാദങ്ങളും രാഷ്ട്രപതിക്ക് സമ്മാനിച്ചു. കളഭം, പ്രത്യേക പായസം, തിരുമുടിമാല, പഴം, പഞ്ചസാര എന്നിവയടങ്ങിയ പ്രസാദക്കിറ്റ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് രാഷ്ട്രപതിക്ക് നൽകി. ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ എം. രാധ (ക്ഷേത്രം), കെ. ബിനു, ദേവസ്വം പി.ആർ.ഒ. വിമൽ ജി. നാഥ്, അസിസ്റ്റന്റ് മാനേജർ അനിൽ, മറ്റ് ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.

ഭക്തർക്കരികിലെത്തി കൈവീശി; സ്നേഹാഭിവാദ്യം നൽകി മടക്കം
നാലുമണിയോടെ ദർശനം പൂർത്തിയാക്കി ക്ഷേത്രത്തിന് പുറത്തേക്കിറങ്ങിയ രാഷ്ട്രപതി കിഴക്കേ നടയിൽ തനിക്കായി കാത്തുനിന്ന ഭക്തർക്കരികിലേക്ക് എത്തുകയായിരുന്നു. രാഷ്ട്രപതിയെ നേരിൽ കാണാനായി കാത്തുനിന്നവരോട് കൈവീശി സ്നേഹാഭിവാദ്യം അർപ്പിച്ച ശേഷമാണ് മടങ്ങിയത്. ശ്രീഗുരുവായൂരപ്പന്റെ സന്നിധിയിൽ പ്രാർത്ഥനയും കാണിക്കയർപ്പണവും നടത്തി, ക്ഷേത്രത്തിന്റെ പാരമ്പര്യവും കലാസമ്പത്തും പ്രതിഫലിപ്പിക്കുന്ന വിശിഷ്ട ഉപഹാരങ്ങൾ സ്വീകരിച്ച്, ഭക്തരോട് സ്നേഹപൂർവം അഭിവാദ്യം ചെയ്താണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഗുരുവായൂർ സന്ദർശനം പൂർത്തിയായത്. രാഷ്ട്രപതിയുടെ ക്ഷേത്രദർശനവും ഭക്തരോടുള്ള ഹൃദ്യമായ ഇടപെടലും ഗുരുവായൂരിന്റെ ഇന്നത്തെ സായാഹ്നത്തിന് പ്രത്യേക പ്രാധാന്യം നൽകി.



