പതിവ് പോലെ വെളുപ്പിന് രണ്ടരയ്ക്ക് എഴുന്നേറ്റ് കുളിച്ച് വിളക്കുകൾ കൊളുത്തി കണ്ണനെ വിളിച്ചു. സാമ്പ്രാണി കത്തിച്ചപ്പോൾ പരന്ന പുക പടലങ്ങളിൽ തിരികൾ നക്ഷത്രങ്ങളെ പോലെ തോന്നിപ്പിച്ചു. കണ്ണനെ വിളിക്കും തോറും എന്റെ ശരീരത്തിന്റെ ഭാരം കുറഞ്ഞു വന്നു. ആകാശത്തു പാറിനടക്കുന്ന അപ്പൂപ്പൻ താടി പോലെയായി ഞാൻ. കണ്ണുകൾ തിരുമിത്തുറന്ന് നിലത്തമർന്നിരിക്കാൻ നോക്കി. തല ചുറ്റുന്ന അവസ്ഥയിൽ മുന്നിലെ തിരിവെട്ടത്തിന് മുകളിലേക്ക് പൂർണ്ണചന്ദ്രൻ ഉദിച്ച പോലൊന്ന് കണ്ടു. വിളക്കിലെ തിരി നീട്ടി വെട്ടം കൂടിയപ്പോൾ ഞാൻ കണ്ടത്, തീവെട്ടി വെളിച്ചത്തിൽ കാണുന്ന നീലത്തിടമ്പിന്റെ കമനീയരൂപം. വിളക്കിന് മുകളിൽ കണ്ട ചന്ദ്രബിംബം ചുട്ടപപ്പടമാണെന്ന് കണ്ണന്റെ കിളിക്കൊഞ്ചൽ. ഉടനെ പകർത്തി ആ രംഗം. കിളിക്കൊഞ്ചൽ ചെവിയിൽ സ്വകാര്യമായി പറഞ്ഞു, ഇന്ന് തൃക്കാർത്തിക വിളക്ക് വെച്ചാൽ വൈകീട്ട് വെട്ടിത്തിളങ്ങുന്ന പൗർണ്ണമി കാണാമെന്നു. വരികളുമെഴുതി. വീണ്ടും നോക്കിയപ്പോൾ വിളക്കിലെ തിരി പോലും ചിരിക്കുന്നു, കണ്ണൻ കൊണ്ടുപോയ എന്റെ ആകാശയാത്ര കണ്ട്. ചുട്ട പപ്പടത്തിന്റെ മണവും മാറിയിരുന്നില്ല.
ആർട്ടിസ്റ്റ് നന്ദൻപിള്ള
(24/11/26 വെളുപ്പിന് 3 മണി )


